അന്താരാഷ്ട്ര വനിതാദിനം; ആഘോഷിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കാം

                   

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. 'ബീ ബോള്‍ഡ് ഫോര്‍ ചേഞ്ച്' എന്നാണ് ഇത്തവണത്തെ ദിനാഘോഷത്തിന്റെ ആശയം. എല്ലാവരും എല്ലായ്‌പ്പോഴും പിന്താങ്ങാനുണ്ടാകില്ലെന്നും സ്വയം മാറ്റത്തിന് തയ്യാറാവാനുള്ള ധീരത കാണിക്കുകയാണ് വേണ്ടതെന്നും ഈ ദിനത്തിലെങ്കിലും എല്ലാ വനിതകളും ഓര്‍ക്കട്ടെ. വനിതാദിനം ആഘോഷിക്കണമെന്നില്ല, വനിതകള്‍ക്കായെന്തിന് ഒരു ദിനം അതുതന്നെ സംവരണമല്ലേ എന്ന് കരുതുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അവരോടായി പറയട്ടെ, ഞങ്ങള്‍ക്കായി ഒരു ദിനവും മാറ്റിവെക്കേണ്ട, ആഘോഷിക്കേണ്ട പക്ഷെ ഒരു സ്ത്രീയേയും വാക്കാലോ നോക്കാലോ പ്രവൃത്തിയാലോ അവഹേളിക്കില്ലെന്ന് സ്വയം പ്രതിജ്ഞയെടുക്കൂ. അതുമതി.
സ്ത്രീയുടെ ശത്രു പുരുഷന്മാര്‍ മാത്രമല്ല, അവര്‍ക്കിടയിലുള്ള ചില സ്ത്രീകളും ഉണ്ട്. പറഞ്ഞ് പറ്റിക്കാനും ചതിക്കുഴിയിലേക്ക് തള്ളിവിടാനും മുഖത്തൊരു പുഞ്ചിരി പുരട്ടി സ്‌നേഹം നടിച്ചെത്തുന്ന എത്രയോ സ്ത്രീവേഷമിട്ട ചെകുത്താന്മാര്‍. ആരേയും വിശ്വസിക്കേണ്ട എന്ന് നമ്മുടെ വരുംതലമുറയോട് പറഞ്ഞുകൊടുക്കേണ്ട കാലമാണിത്. ഓരോയാളേയും നിരീക്ഷിക്കാനും സ്വയം ജാഗ്രതയോടെ മുന്നോട്ടുനീങ്ങാനും വീട്ടില്‍ നിന്നേ പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണ്. ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടും ഒരുപോലെ പറഞ്ഞുകൊടുക്കണം പരസ്പരം ബഹുമാനിക്കാനും സ്വയം ശക്തരാകാനും. അതിന് മാതൃകയാവേണ്ടത് അച്ഛനും അമ്മയും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും. വീട്ടിനുള്ളില്‍ പരസ്പരം സ്‌നേഹത്തോടെ കഴിഞ്ഞുനോക്കട്ടെ ആ വീട്ടില്‍ വളരുന്ന കുട്ടികളും അതേ വഴിയെ സഞ്ചരിക്കും.
ആണ്‍കുട്ടികള്‍ മാത്രമുള്ള വീടുകളിലെ അമ്മമാര്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കണം പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന്. കാരണം പെണ്‍കുട്ടികളെ അവര്‍ മനസ്സിലാക്കുന്നത് സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും സഹപാഠിയില്‍ നിന്നും വഴിയാത്രക്കാരിയില്‍ നിന്നുമെല്ലാമാണ്. ടെലിവിഷന്റെ സ്വാധീനം ഇന്ന് ഏറെയുള്ള സാഹചര്യത്തില്‍ അതില്‍ വരുന്ന അനുചിതമായ ഡയലോഗുകളാണ് ഇവരെ പെണ്‍കുട്ടികളിലേക്ക് അടുപ്പിക്കുന്നത്. എന്നാല്‍ അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ പെണ്‍കുട്ടികളെക്കുറിച്ചുള്ള നല്ല പരാമര്‍ശങ്ങള്‍ ഇവരുടെ മനസ്സിലെ അപക്വമായ ചിന്തകളെ വലിയൊരുതോതില്‍ ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. കുടുംബസമേതം ടെലിവിഷന്‍ കാണുമ്പോള്‍ അതില്‍ പലതരം ഫാഷനിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തുന്ന സ്ത്രീകളെനോക്കി മുതിര്‍ന്നവര്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുള്ള മോശം വാക്കാകാം ഒരു ഘട്ടത്തില്‍ ഒരു ആണ്‍കുട്ടിയുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നത്. ഭക്ഷണം, വസ്ത്രം, ജീവിതരീതി എല്ലാം ഓരോ വ്യക്തിയേയും സംബന്ധിച്ചുള്ള കാര്യങ്ങളാണെന്നും അതില്‍ രണ്ടാമന്റെ ഇടപെടല്‍ ആവശ്യമില്ലെന്നുമുള്ള ധാരണയാണ് കുട്ടിക്കാലം മുതലേ നമ്മളിലേക്ക് കടന്നുവരേണ്ടത്. അങ്ങനെ വരുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സ്ത്രീയുടെ വസ്ത്രങ്ങളില്ലാത്ത ഭാഗങ്ങളിലേക്ക് മാത്രം കണ്ണുവെക്കാനുള്ള താത്പര്യം ഇല്ലാതാകും. ഇങ്ങനെ ധാരാളം കുടുംബങ്ങള്‍ ചേര്‍ന്നാല്‍ ഒരു വലിയ സമൂഹമായി. നന്മ നിറഞ്ഞ സമൂഹം.

Comments

Popular posts from this blog

വെറുതെ...

ഇരുട്ട്